Wednesday, January 22, 2025
Google search engine
HomeIndiaമുൻ കാമുകിയുമായി സംസാരിച്ചതിന് കോലി ചീത്തവിളിച്ചു: വെളിപ്പെടുത്തി കോംപ്ടൺ

മുൻ കാമുകിയുമായി സംസാരിച്ചതിന് കോലി ചീത്തവിളിച്ചു: വെളിപ്പെടുത്തി കോംപ്ടൺ

ലണ്ടൻ∙ മുൻ കാമുകിയുമായി സംസാരിച്ചതിന്റെ പേരിൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുൻ ഇംഗ്ലണ്ട് താരം നിക് കോംപ്ടൺ. 2012ൽ ഇന്ത്യയിൽ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടൺ. പരമ്പരയ്ക്കു മുന്നോടിയായി കറങ്ങാൻ പോയ സമയത്ത് കോലിയുടെ മുൻ കാമുകിയെ കണ്ടുമുട്ടിയെന്നും ഇതറിഞ്ഞ കോലി കളിക്കിടെ തന്നെ ചീത്തവിളിച്ചെന്നുമാണ് കോംപ്ടന്റെ വെളിപ്പെടുത്തൽ. അത് കോലിയുടെ കാമുകിയാണെന്ന് തന്നെ അറിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്നും കോംപ്ടൺ വിവരിച്ചു.

എഡ്ജസ് ആൻഡ് സ്ലെഡ്ജസ് ക്രിക്കറ്റ് പോഡ്കാസ്റ്റി’ലാണ് കോംപ്ടന്റെ വെളിപ്പെടുത്തൽ. അതേസമയം, കോലിയുടെ മുൻ കാമുകി ആരെന്ന കാര്യം കോംപ്ടൺ വെളിപ്പെടുത്തിയുമില്ല. ‘ആ പരമ്പരയുടെ (2012) സമയത്ത് പതിവുപോലെ കോലിയും ഞാനും തമ്മിൽ കോർത്തു. പരമ്പരയ്ക്കു മുന്നോടിയായി ഒരിക്കൽ പുറത്തുപോയ സമയത്ത് എനിക്കൊപ്പം കെവിൻ പീറ്റേഴ്സനും യുവരാജ് സിങ്ങുമെല്ലാം ഉണ്ടായിരുന്നു. ഇതിനിടെ കോലിയുടെ മുൻ കാമുകിയും അവിടെയെത്തി’ – കോംപ്ടൺ പറഞ്ഞു.

‘അന്ന് ഞാൻ അവരുമായി സംസാരിച്ചു. വിവരമറിഞ്ഞ കോലിക്ക് അതത്ര ഇഷ്ടമായില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരമ്പരയ്ക്കിടെ ഞാൻ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം കോലി എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. അന്ന് ഞാൻ സംസാരിച്ച യുവതി തന്റെ കാമുകിയാണെന്ന് എന്നെ അറിയിക്കാനായിരുന്നു കോലിയുടെ ശ്രമം. പക്ഷേ അവർ എന്നോട് പറഞ്ഞത് കോലി തന്റെ മുൻ കാമുകനാണെന്നാണ്.

ഇതിൽ ആരു പറഞ്ഞതാണ് സത്യമെന്ന് ആർക്കറിയാം’ – കോംപ്ടൺ പറഞ്ഞു. ആ പരമ്പരയുടെ സമയത്ത് കോലി ബാറ്റിങ്ങിനെത്തുമ്പോൾ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ഇംഗ്ലണ്ട് താരങ്ങൾ ശ്രമിച്ചിരുന്നതായും കോംപ്ടൺ വെളിപ്പെടുത്തി. ‘ആ സമയത്ത് ഇതെല്ലാം ഒരു തമാശമായിരുന്നു. ഇംഗ്ലണ്ട് ടീമിലെ താരങ്ങളെല്ലാം ഈ സംഭവം പരമാവധി ഉപയോഗപ്പെടുത്തി. കോലിക്കെതിരെ ഇതൊരു ആയുധമായി ഞങ്ങൾ ഉപയോഗിച്ചു. അദ്ദേഹത്തെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം’ – കോംപ്ടൺ പറഞ്ഞു. ‘പക്ഷേ, കോലി അതിലൊന്നും വീഴുന്ന ആളായിരുന്നില്ല. പരമ്പരയിലെ അവസാന ടെസ്റ്റിൽ നാഗ്പുരിൽ തകർപ്പൻ സെഞ്ചുറിയുമായി കോലി തിരിച്ചടിച്ചു. പിന്നീട് കോലിക്ക് വച്ചടിവച്ചടി കയറ്റമായിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ കോലി അടിക്കടി കരുത്താർജിച്ചു. പക്ഷേ, ആ പരമ്പരയിൽ ഞങ്ങൾക്ക് പറഞ്ഞുചിരിക്കാനുള്ള ഒരു സംഭവമായിരുന്നു അത്. ഇപ്പോഴും അതോർക്കുമ്പോൾ എനിക്ക് ചിരിവരും. പക്ഷേ, എല്ലാം നന്നായിത്തന്നെ അവസാനിച്ചു’ – കോംപ്ടൺ പറഞ്ഞു. 2012ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 2–1ന് ജയിച്ചിരുന്നു. 1984–85നുശേഷം ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര ജയമായിരുന്നു അത്. ഈ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച കോംപ്ടൺ നാലു ടെസ്റ്റുകളിൽനിന്ന് 208 റൺസാണ് നേടിയത്. രണ്ടാം ടെസ്റ്റിൽ മോണ്ടി പനേസറിന്റെ പന്തിൽ വിരാട് കോലിയെ പുറത്താക്കാൻ ക്യാച്ചെടുത്തതും കോംപ്ടണായിരുന്നു.

ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകൾ കളിച്ച താരമാണ് മുപ്പത്താറുകാരനായ നിക് കോംപ്ടൺ. 2012ൽ അഹമ്മദാബാദിൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറിയ കോംപ്ടൺ 2016ൽ ശ്രീലങ്കയ്‌ക്കെതിരെ ലോർഡ്സിൽ കളിച്ച ടെസ്റ്റോടെയാണ് വിരമിച്ചത്. 16 ടെസ്റ്റുകളിൽനിന്ന് 28.70 ശരാശരിയിൽ രണ്ടു വീതം സെഞ്ചുറിയും അർധസെ‍ഞ്ചുറിയും സഹിതം 775 റൺസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com