Saturday, November 23, 2024
Google search engine
HomeIndiaമരണം ഒന്നിനും ഒരു പരിഹാരമല്ല, ജീവിതത്തിലേക്ക് ചൂണ്ടുന്ന സൈൻബോർഡുകളുമായി എയ്‌മി വുൾഫ്

മരണം ഒന്നിനും ഒരു പരിഹാരമല്ല, ജീവിതത്തിലേക്ക് ചൂണ്ടുന്ന സൈൻബോർഡുകളുമായി എയ്‌മി വുൾഫ്

ഭർത്താവ് ജെയ്ക്കിനും രണ്ടു പെൺമക്കള്‍ക്കുമൊപ്പം യാത്ര തുടങ്ങുമ്പോള്‍ എയ്‌മി വുൾഫിനൊപ്പമുണ്ടായിരുന്നു 20 സൈൻ ബോർഡുകൾ. ഗ്രാഫിക്സ് ഡിസൈനറായ സുഹൃത്തിന്റെ സഹായത്തോടെ നിർമ്മിച്ചത്. മൂന്നു സന്ദേശങ്ങളായിരുന്നു സൈന്‍ ബോര്‍ഡുകളില്‍.  ജീവിതം മടുത്ത് ഉപേക്ഷിക്കരുത്.  നിങ്ങൾ സ്നേഹത്തിന് അർഹതപ്പെട്ടവർ. തെറ്റുകൾ നിങ്ങളെ നിർവചിക്കുന്നില്ല

സൈൻ ബോർഡുകളുമായ് എയ്‌മിയും കുടുംബവും വാതിലുകൾ മുട്ടി. ഒന്നല്ല, ഇരുപതു വീടുകളുടെ. വീട്ടുമുറ്റങ്ങളിലെ പുൽത്തകിടിയിൽ രണ്ടാഴച്ചത്തേയ്ക്ക് അവ സ്ഥാപിക്കാൻ സമ്മതമാണോയെന്ന ചോദ്യം. അനുവാദം നൽകി വീട്ടുകാർ. നിറഞ്ഞ മനസ്സോടെ ലക്ഷ്യം നിർവഹിച്ച് മടക്കം. ഇതിപ്പോള്‍ എയ്മിയുടെ ജീവിതയാത്രയാണ്. ആ യാത്രയുടെ കഥയാണ് ‘സൈൻസ് ഓഫ് ഹോപ്പ്: ഹൗ സ്‌മോൾ ആക്റ്റ്സ് ഓഫ് ലവ് ക്യാൻ ചേഞ്ച്‌ യുവർ വേൾഡ്’ എന്ന പുസ്തകം.  എയ്‌മിയുടെ ജീവിതം മാറ്റിമാറിച്ചത് 2017 ല്‍ കുട്ടികൾക്കിടയിലെ ആത്മഹത്യാ പ്രവണതയെപ്പറ്റി കേട്ട ഞെട്ടിക്കുന്ന വാർത്തകൾ. 

  സുഹൃത്തു കൂടിയായ സ്കൂൾ അധ്യാപിക വിവരിച്ച കണക്കുകള്‍ എയ്‌മിയെ സ്തബ്ധയാക്കി. അമേരിക്കയിലെ ന്യൂബെർഗ് നഗരത്തിൽ ഒരു വർഷം ആത്മഹത്യ ചെയ്തത് ആറു വിദ്യാർത്ഥികൾ. ചിന്തിച്ചു നിൽക്കാൻ തോന്നിയില്ല, മുന്നിൽ സമയവുമില്ല. ജീവനും ജീവിതവും ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്തിക്കളയാനുള്ളതല്ലെന്ന് പുതുതലമുറ അറിയണം. പറഞ്ഞു കൊടുക്കേണ്ടതു കടമയാണെന്ന ബോധ്യമുള്ളിൽ. അങ്ങനെ വീട്ടുമുറ്റത്ത് സൈന്‍ബോര്‍ഡ് എന്ന ആശയവുമായി എയ്മിയുടെ യാത്ര തുടങ്ങുന്നു.  ആദ്യത്തെ 20 വീടുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിൽ എയ്‌മിയ്ക്ക് നിരവധി ഫോൺ കോളുകൾ. സൈൻ ബോർഡുകൾ വില്പനയ്ക്കുണ്ടോയെന്ന് അന്വേഷണം. 150 ലധികം ഓർഡറുകൾ. ആശ്വാസവും കരുതലും കുറിച്ചിട്ട ബോർഡുകൾക്ക് അഭിനന്ദന പ്രവാഹം.

രണ്ടാഴ്ചകൾക്കു ശേഷം ഒരു വീട്ടിൽ നിന്ന് ബോര്‍ഡ് തിരികെയെടുക്കാൻ ചെന്ന എയ്‌മി ശരിക്കും ഞെട്ടി.  “ആ സൈൻ ബോർഡ്‌ തിരികെ വേണമെന്നുണ്ടോ?, ഞങ്ങൾ വലിയൊരു പ്രതിസന്ധിയിലാണ്. ഇവിടെ ഇപ്പോൾ ഏറ്റവും ആവശ്യമാണ് അത്.” വീട്ടുടമസ്ഥന്റെ അഭ്യർത്ഥന. സമ്മതം മൂളിയ എയ്‌മിയുടെ കണ്ണുകളിൽ നനവ്. ചെയ്ത ചെറിയ കാര്യത്തിന്റെ വലിയ നന്മയമനുഭവിക്കുന്ന കുടുംബം. അതിനപ്പുറമൊരു സന്തോഷമില്ലെന്ന തിരിച്ചറിവിൽ അവർ മടങ്ങി. നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങൾക്കു വിലയുണ്ട് ഒന്നും അധികം വൈകിയിട്ടില്ല കുറേക്കൂടി സന്ദേശങ്ങൾ എഴുതിച്ചേർത്ത് പുതിയ ഉദ്യമം. ഒരു വെബ്സൈറ്റ്. അമേരിക്കൻ ജനതയുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ഇന്നും പ്രവർത്തിച്ചു വരുന്ന ‘ഡോണ്ട് ഗിവ് അപ്പ്‌’ മൂവ്മെന്റിന് തുടക്കം. ആശയറ്റ ഒട്ടേറെ മനുഷ്യരിൽ പ്രതീക്ഷകളുടെ തിരിതെളിച്ച പ്രസ്ഥാനം.

സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ പിന്നീട് കഴിയുന്നിടത്തൊക്കെ സൈൻ ബോർഡുകൾ സ്ഥാപിച്ച് എയ്മിയും കൂട്ടുകാരും. സ്കൂളുകളിൽ, റെസ്റ്റൊറന്റുകളിൽ, ബസ്‌സ്റ്റോപ്പുകളിൽ, വിശ്രമയിടങ്ങളിൽ… നഗരത്തിന്  അതൊരു പുതിയ കാഴ്ചയായിരുന്നു. രാജ്യവും കടന്ന് ആവശ്യക്കാർ. പൊതു ഇടങ്ങളിലെ നിറവെളിച്ചം പിന്നീടു കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും പടർന്നു. റിസ്റ്റ് ബാൻഡുകൾ, പെൻസിലുകൾ, പിൻ ബട്ടണുകൾ, സ്റ്റിക്കറുകൾ, സ്റ്റാമ്പുകൾ… സ്നേഹവാക്യങ്ങളെഴുതിയ നന്മയുടെ ഉപഹാരങ്ങൾ. സമ്മാനങ്ങളായും വില്പനയ്ക്കും. മാരകരോഗങ്ങളുള്ളവർ, മക്കളുപേക്ഷിച്ചവർ, ഒറ്റയ്ക്കു  ജീവിക്കുന്നവർ, നിരാശയിലാണ്ടവർ… ആത്മഹത്യാ പ്രവണതയ്ക്കു പുറത്ത് അത്തരം ആളുകൾക്കും ഇന്ന് പ്രത്യാശ പകരുന്ന പ്രസ്ഥാനമാണ് എയ്‌മി വുൾഫിന്റെ  ‘ഡോണ്ട് ഗിവ് അപ്പ്‌’. 27 രാജ്യങ്ങളിലായി ഇതിനോടകം വിറ്റുപോയ 7 ലക്ഷത്തിലധികം സന്ദേശങ്ങൾ.

അതു പരത്തുന്ന പ്രകാശം ചെറുതല്ല. വെബ്സൈറ്റിലൂടെ ഓൺലൈനായി തുടങ്ങിയ വിൽപ്പനയിൽ ആദ്യം സഹകരിച്ചത് പീറ്റർ – ജെയിൻ ദമ്പതികൾ. മാസങ്ങൾക്കു മുൻപ് ആത്മഹത്യയിലൂടെ മകനെ നഷ്ടപ്പെട്ട മാതാപിതാക്കൾ. എയ്‌മിയിൽ നിന്ന് സൈൻബോർഡുകളും റിസ്റ്റ് ബാൻഡുകളും പോസ്റ്റ് കാർഡുകളും വാങ്ങിക്കൂട്ടി സുഹൃത്തുക്കൾക്കു നൽകിയവർ. എയ്‌മിയെപ്പോലെ അവർക്കും ലോകത്തോടു പറയാനുള്ളത് ഒന്നു മാത്രം : സ്നേഹത്തിന്റെ ഒരക്ഷരം,  കരുതലിന്റെ ഒരു വാക്ക്, പ്രതീക്ഷയുടെ ഒരു വാചകം… ഒരു ഞൊടിയിൽ നൂറു ജീവിതങ്ങൾ മാറി മറിയാൻ അതു മതിയാകും. ചെറിയ, വലിയ നന്മകള്‍. അതിനു നിമിത്തമാകുക മഹാഭാഗ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com