മഞ്ചേശ്വരം (കാസർകോട്): റേഷൻ അരി മറിച്ചുകടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആർ.ഡി നമ്പർ രണ്ടിെൻറ റേഷൻ കടക്ക് മുന്നിലുണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ രാഘവെൻറ നേതൃത്വത്തിലെ പൊലീസ് സംഘം എത്തിയാണ് അരി പിടികൂടിയത്. പൊലീസ് എത്തുന്ന സമയത്ത് അരി കടക്ക് പുറത്താണ് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ഉച്ചക്ക് ഒന്ന് മുതൽ രണ്ട് വരെ റേഷൻ കട അടച്ചിടുന്ന സമയമാണ്. ഈ സമയത്തായിരുന്നു അരി പുറത്തുവെച്ചിരുന്നത്.
റേഷൻ അരി മറിച്ചുവിൽപ്പന നടത്താൻ മറ്റൊരു വാഹനത്തിൽ ചാക്കുകൾ കയറ്റാൻ ശ്രമിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർ അന്വേഷണത്തിന് പൊലീസ് സിവിൽ സപ്ലൈ വകുപ്പിന് കൈമാറി. അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി റേഷൻ കടകളിൽനിന്ന് മറിച്ചുകടത്തൽ നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് കുഞ്ചത്തൂരിൽനിന്ന് അരി പിടികൂടിയത്.