തിരുവനന്തപുരം ∙ ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ബില്‍ കൂടിയതിന്റെ പേരിൽ കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികള്‍. ടോള്‍ഫ്രീ നമ്പരിലും സെക്‌ഷന്‍ ഓഫിസുകളിലും ലഭിക്കുന്ന പരാതികളുടെ എണ്ണം കുത്തനെ കൂടി. അതിൽ 95,000 പരാതികളിലും കഴമ്പില്ലെന്നും ഉപയോഗം വര്‍ധിച്ചതിനാലാണ് ബില്‍ കൂടിയതെന്നും കെഎസ്ഇബി പറയുന്നു. സ്ലാബ് മാറിയതുമായി ബന്ധപ്പെട്ട് ലഭിച്ച നാലായിരത്തോളം പരാതികള്‍ പരിഹരിക്കുമെന്നും അധികൃതര്‍ പറയുന്നു. റീഡിങ് എടുക്കാന്‍ വൈകിയതും മുന്‍മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബില്‍ തയാറാക്കിയപ്പോള്‍ വന്ന പിഴവുകളുമാണ് പലര്‍ക്കും വന്‍തുകയുടെ ബില്‍ ലഭിക്കാനിടയായത്. മീറ്റര്‍ റീഡിങ് വൈകിയതോടെ പലരുടേയും സ്ലാബ് മാറി ഉയര്‍ന്ന സ്ലാബിലേക്കെത്തുകയും ഇതിനനുസരിച്ച് ബില്‍ ഉയരുകയും ചെയ്തു. ദ്വൈമാസ റീഡിങിന് പകരം രണ്ടരമാസത്തെ റീഡിങ് എടുത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.
250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്ക് ടെലിസ്‌കോപ്പിക് ബില്ലിങ്ങാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. 51-100 വരെ യൂണിറ്റിന് 3.70 രൂപ. 201-250 വരെ യൂണിറ്റിന് 7.60 രൂപയാണ്. 250 കഴിഞ്ഞാല്‍ എല്ലാ യൂണിറ്റിനും ഒരേ നിരക്ക് നല്‍കേണ്ടിവരും. 5.80 രൂപയാണ് നിരക്ക്. റീഡിങ് രേഖപ്പെടുത്താന്‍ വൈകിയതോടെ പല ഉപഭോക്താക്കളും 250 യൂണിറ്റിനു മുകളിലെത്തുകയും ഇവരില്‍നിന്നു കെഎസ്ഇബി ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്തു. ഏപ്രിലില്‍ വൈദ്യുതി ഉപയോഗം കൂടിയതും ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി.
പലരുടെയും ഉപയോഗം 250 യൂണിറ്റ് കഴിഞ്ഞു. മീറ്റര്‍ റീഡിങ് എടുക്കുന്നതിലെ കാലതാമസം മൂലം ബില്‍ തുക ഉയര്‍ന്നവര്‍ക്ക് പിഴവു തിരുത്തി നല്‍കുമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന് ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകും. ലോക്ഡൗണായതിനാല്‍ മാര്‍ച്ച് 24 നു ശേഷം കെഎസ്ഇബി റീഡിങ് എടുത്തില്ല. മേയ് ആദ്യമാണ് റീഡിങ് പുനരാരംഭിച്ചത്. ലോക്ഡൗണിനെത്തുടര്‍ന്ന് റീഡിങ് എടുക്കാന്‍ കഴിയാത്തതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മുന്‍കാല ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് ബില്‍ നല്‍കിയത്.
ഇതിലും പിഴവുകളുണ്ടായെങ്കിലും മിക്കവര്‍ക്കും സാധാരണ ബില്ലുകളാണ് ലഭിച്ചത്. എന്നാല്‍ ജൂണില്‍ ജീവനക്കാര്‍ വീടുകളിലെത്തി റീഡിങ്ങെടുത്തതോടെ ബില്‍ കുത്തനെ കൂടി. ആവറേജ് ബില്ലിന്റെ ബാക്കിയും യഥാര്‍ഥ ബില്ലും ചേര്‍ന്നപ്പോള്‍ പലര്‍ക്കും ബില്ലിലൂടെ ഷോക്കേറ്റു
കെ.എസ്ഇബി പറയുന്നു:
നിരക്ക് കൂടിയത് ഉപയോഗം കൂടിയതിനാലാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ എസി, ഫാന്‍, ഫ്രിജ്, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കൂടി. അതോടെ പലരും ഉയര്‍ന്ന സ്ലാബിലെത്തി. നേരത്തേ ലഭിച്ചിരുന്ന സബ്‌സിഡി നഷ്ടമായി. വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കെഎസ്ഇബിയല്ല, റഗുലേറ്ററി കമ്മിഷനാണ്. 2019 ലാണ് വൈദ്യുതി നിരക്കുകള്‍ അവസാനം പരിഷ്‌ക്കരിച്ചത്. ലോക്ഡൗണില്‍ വൈദ്യുതി നിരക്കുകള്‍ കൂട്ടിയെന്ന പ്രചാരണത്തില്‍ കഴമ്പില്ല. പരാതികളെല്ലാം പരിശോധിച്ച് വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. സ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ തുക തിരികെ നല്‍കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ ഈ ബില്‍ കുറയ്ക്കും. ഫിക്‌സഡ് ചാര്‍ജില്‍ 25% ഒഴിവാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
പ്രതിഷേധവുമായി പ്രതിപക്ഷം വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് 17 ന് രാത്രി 9 ന് 3 മിനിറ്റ് സമയം വൈദ്യുതി വിളക്കുകള്‍ അണച്ചു പ്രതിഷേധിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. അമിത വൈദ്യുതി നിരക്കില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 756 കെഎസ്ഇബി ഓഫിസുകള്‍ക്കു മുന്നില്‍ 16 ന് കോണ്‍ഗ്രസ് ധര്‍ണ നടത്തും. 19 ന് വൈകിട്ട് 5 ന് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്കു മുന്നില്‍ വൈദ്യുതിബില്‍ കത്തിക്കും.