ലോകത്ത് എവിടെ എന്തു നടന്നാലും ആദ്യം ഓടിയെത്തുന്ന സൈബർ മലയാളി ഇത്തവണയും പതിവ് തെറ്റിച്ചില്ല. കോവിഡ് പ്രതിരോധ വാക്സിൻ പ്രയോഗിച്ച ആദ്യ രാജ്യമായ റഷ്യക്കും പ്രസിഡൻറ് വ്ലാദ്മിർ പുടിനും അഭിനന്ദനം അർപ്പിക്കുന്നതിെൻറ തിരക്കിലാണ് ഇവർ. പുടിെൻറ പേരിലുള്ള ഫേസ്ബുക് പേജിൽ ഇന്നലെ മുതൽ പതിനായിരക്കണക്കിന് കമൻറുകളാണ് നല്ല പച്ചമലയാളത്തിൽ അടിച്ചുവിടുന്നത്
പുടിൻ ചേട്ടൻ കണ്ടുപിടിച്ച വാക്സിൻ ഇങ്ങോട്ട് തന്നാൽ ഗോമൂത്രത്തിൽ ചാലിച്ച ഭാബിജി പപ്പടവാക്സിൻ പകരം തരാമെന്നാണ് ഒരാളുടെ ഓഫർ. ‘ഞങ്ങൾ പാത്രം കൊട്ടിയും പന്തം കത്തിച്ചും ബാബാജി പപ്പടം കാച്ചിയും എപ്പോഴേ കോറോണയെ കണ്ടം വഴി ഓടിച്ചു’വെന്ന് ഒരു വിദ്വാൻ വീമ്പിളക്കുന്നു. ‘പുട്ടിൻ ചേട്ടാ.. മറക്കില്ല ഈ ചങ്കുറപ്പ്… മലയാളികൾക്ക് പുട്ടും കടലയും പോലെയാ പുട്ടിനും റഷ്യയും’ എന്നാണ് ഒരു കമൻറ്.
നല്ല താറാവ് കറിയും വെള്ളേപ്പവും തരാമെന്ന് പറഞ്ഞ് ‘സഖാവ് പുടിനെ’ വീട്ടിലേക്ക് ക്ഷണിച്ച് നല്ല ആതിഥേയനാവുകയാണ് മറ്റൊരാൾ. ‘നാട്ടിൽ വെള്ളം കയറിയതിനാൽ മുണ്ടൊന്നു പൊക്കി കുത്തിയാൽ മതി. ഒരു കാലൻ കുട കൂടി എടുത്തോണം ചാറ്റൽ മഴ കാണും” എന്ന മുൻ കരുതൽ നിർദേശവും ‘റഷ്യൻ സഖാവിന്’ നമ്മുടെ ‘കേരള സഖാവ്’ നൽകിയിട്ടുണ്ട്.
‘അണ്ണോ ഞങ്ങൾ ഒടുവിൽ പരീക്ഷിച്ച പപ്പടവും പരാജയപ്പെട്ടു’ എന്ന് നിരാശപ്പെടുന്നവരെയും കമൻറ് ബോക്സിൽ കാണാനുണ്ട്. ‘വാക്സിൻ സാങ്കേതികവിദ്യ റഷ്യയ്ക്ക് രഹസ്യമായി മറിച്ച് കൊടുത്തത് പിണറായിയാണെന്നും പിന്നിൽ വൻ അഴിമതിയുണ്ടെന്നും’ ചെന്നിത്തല ആരോപിക്കുമെന്നാണ് മറ്റൊരാളുടെ നിരീക്ഷണം. ‘പുട്ട് ഏട്ടാ നിങ്ങൾക്ക് പി.ആർ ഏജൻസി ഒന്നും ഇല്ലേ? ഇല്ലെങ്കിൽ തുടങ്ങ്, ബി.ബി.സിയിലും സി.എൻ.എനിലും പടം ഒക്കെ വരും…. തുടർഭരണത്തിൽ താല്പര്യം ഇല്ലേ??’ എന്ന് പിണറായിയെ ട്രോളാനും ഇവിടെ ഇടം കണ്ടെത്തി.
‘ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ താല്പര്യം ഉണ്ടെങ്കിൽ റഷ്യ കളഞ്ഞിട്ട് ഇങ്ങുവായോ..’ എന്ന് സ്നേഹപൂർവം ക്ഷണിക്കുന്നവരും കുറവല്ല. ‘വിമാനം മേടിച്ച വകേല് ച്ചിരി വാസ്കിൻ കൂടി ഞങ്ങൾക്ക് തന്നൂടേ പുടിൻ മ്വോനൂസേ…’ എന്നാണ് ഒരാളുടെ അഭ്യർഥന. ‘മറ്റേ താടിക്കാരൻ വിളിക്കും. അപ്പോ കുറച്ചു ഞങ്ങൾക്ക് കൂടി അയക്കണം’ എന്ന് ഓർമിപ്പിക്കാനും മറന്നിട്ടില്ല.
സോഷ്യൽ മീഡിയ മലയാളികൾക്ക് ഇപ്പോൾ ഏറെ പരിചിതമായ ‘തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെയും’ കമൻറ് ബോക്സിൽ കാണാം. ‘അണ്ണാ തീ തുപ്പുന്ന കിടിലൻ 4 ഡ്രാഗൺ കുഞ്ഞുങ്ങളെ തരാം, കയറ്റി അയച്ചു തുടങ്ങിയാൽ കേരത്തിലേക്കും പാർസൽ വിടണേ’ എന്നാണ് ഡ്രാഗൺ കച്ചവടക്കാരെൻറ ഓഫർ!. ‘വാക്സിൻ ഡൽഹിയിലേക്ക് അയച്ചാൽ ഇവിടെ എത്തും എന്ന് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടല്ലെന്നും’ ഇയാൾ പ്രത്യേകം പറയുന്നുണ്ട്. എന്നാൽ, ഇവിടെ വാക്സിൻ കച്ചവടം മാത്രം മതിയെന്നും ഡ്രാഗൺ കച്ചവടക്കാർ പിരിഞ്ഞുപോകണമെന്നുമാണ് ഇതിന് ഒരാളുടെ മറുപടി.
‘പുട്ടേട്ടാ, ഈ നന്ദി പറച്ചിലൊക്കെ ചുമ്മാതല്ലെന്നും കേരളത്തിന് വാക്സിൻ കൂടുതൽ തരാനുള്ള സൈക്കിളോടിക്കൽ മൂവാണെന്നും’ പുടിനെ ഓർമപ്പെടുത്തുന്നു വേറൊരാൾ. അതിനിടെ, ഒരു കഷണ്ടിക്കാരെൻറ അഭ്യർഥനയാണ് ബഹുരസം. ‘കൊറോണയുടെ തിരക്കൊക്കെ കഴിഞ്ഞാൽ നിങ്ങള് കഷണ്ടിക്കുള്ള മരുന്ന് കൂടി കണ്ടെത്തണം’ എന്നാണ് ഇയാളുടെ സ്നേഹപൂർണമായ ആവശ്യം. ‘നിങ്ങളെ കൊണ്ട് അതിന് കഴിയും’ എന്ന് ആത്മവിശ്വാസം പകരാനും കഷണ്ടിക്കാരൻ മറന്നിട്ടില്ല.
കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി റഷ്യ മാറിയ പശ്ചാത്തലത്തിലാണ് ഈ കമൻറുകളൊക്കെയും. 44,000 കമൻറുകളാണ് ഇതിനകം ഒരു പോസ്റ്റിന് ലഭിച്ചത്. അതേസമയം, ഈ ഫേസ്ബുക് പേജ് പുടിെൻറതല്ലെന്നും ‘അശ്വതി അച്ചൂ’ ടൈപ്പ് ഫേക് പേജാണെന്നും കമൻറുന്നവരെ ഇടക്കിടെ ചിലർ ഓർമപ്പെടുത്തുന്നുണ്ട്.
1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സിെൻറ പേര്. വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്നതായും തെൻറ മകൾക്കടക്കം പരീക്ഷണ ഡോസ് നൽകിയെന്നും പ്രസിഡൻറ് വ്ലാദ്മിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ വ്യാവസായികാടിസ്ഥാനത്തിൽ വാക്സിൻ ഉൽപാദനം തുടങ്ങുമെന്നാണു സൂചന.