Monday, December 23, 2024
Google search engine
HomeAutoപാലുമായി കയറി വന്ന് ടി. പത്മനാഭന്റെ ജീവിതത്തിന്റെ ഉപ്പായി മാറിയ ഓട്ടോക്കാരൻ

പാലുമായി കയറി വന്ന് ടി. പത്മനാഭന്റെ ജീവിതത്തിന്റെ ഉപ്പായി മാറിയ ഓട്ടോക്കാരൻ

കഥാകാരൻ ടി. പത്മനാഭൻ കണികണ്ടുണരുന്ന നന്മയായിരുന്നു രാമചന്ദ്രൻ എന്ന ഓട്ടോഡ്രൈവർ. എന്നും രാവിലെ കണ്ണൂർ പള്ളിക്കുന്നിലെ പത്മനാഭന്റെ വീട്ടിൽ പാലുമായെത്തിയിരുന്ന ആൾ. രാമചന്ദനെ കാത്തിരിക്കുന്ന കുറെ ആളുകളുണ്ടായിരുന്നു കഥാകാരന്റെ വീട്ടിൽ. കുറെ വളർത്തു നായ്ക്കളും ഓമനപ്പൂച്ചകളും. കേരളത്തിലെ എല്ലാ ഓട്ടോകളെയും പോലെ രാമചന്ദന്റെ ഓട്ടോയ്ക്കും ഒന്നിലധികം പേരുകളുണ്ട്. മുന്നിൽ റിമ, പിന്നിൽ അർജുൻ.  മകന്റെയും മകളുടെയും പേരാണ്. പൊതുവേ അധികം ആരുമായും അടുപ്പം കാണിക്കാത്ത കടലാണ് ടി. പത്മനാഭൻ. രാമചന്ദ്രൻ ഓട്ടോയുമായി അടുത്തു ചെന്നു. കഥാകാരന്റെ ഭാര്യ ആദ്യം ഓട്ടോയിൽ കയറി. പിന്നെ കഥാകാരനും. ഇപ്പോൾ വർഷങ്ങളായി പത്മനാഭനു വേണ്ടി മാത്രമാണ് ആ ഓട്ടോയുടെ ഓട്ടം. ബജാജിന്റെ പെട്രോൾ വണ്ടിയാണ്. 15 വർഷമായി മാറ്റിയിട്ടേയില്ല.

കാരണം അദ്ദേഹത്തിന് വേറെ വണ്ടിയൊന്നും ഇഷ്ടമല്ല: രാമചന്ദ്രൻ പറയുന്നു. കല്യാണങ്ങൾക്കും സമ്മേളനങ്ങൾക്കുമൊക്കെ വമ്പൻ കാറുകൾ വന്നു നിൽക്കുന്ന ആഡംബരങ്ങളുടെ പൂമുഖങ്ങളിൽ രാമചന്ദ്രന്റെ ഓട്ടോയിൽ വന്നിറങ്ങും പത്മനാഭൻ. പത്മനാഭനെന്നും അങ്ങനെയായിരുന്നു. സാഹിത്യത്തിന്റെ ഉൽസവപ്പറമ്പിൽ പലരും കൊമ്പനാനകളെ എഴുന്നള്ളിച്ചപ്പോൾ ചെറിയ കഥകളുടെ തിടമ്പെഴുന്നള്ളിച്ചയാൾ ! ഓട്ടോ പോകാത്ത നാട്ടിലേക്കുള്ള യാത്രകളിലും രാമചന്ദ്രനാണ് പത്മനാഭന്റെ സഹയാത്രികൻ. സിംഗപ്പൂരിലെ മലയാളി അസോസിയേഷന്റെ വാർഷികത്തിൽ പങ്കെടുക്കാൻ പത്മനാഭൻ പോയപ്പോൾ അക്ഷരത്തിന്റെ പിന്നാലെ ഒരു വള്ളി പോലെ രാമചന്ദ്രനുമുണ്ടായിരുന്നു. അന്ന് കഥാകാരനെ കാണാനെത്തിയ വായനക്കാരികളിൽ പലരും ഒരു ഗൗരിയെപ്പറ്റി ചോദിക്കുന്നതു കേട്ട് രാമചന്ദ്രനു സംശയമായി.

ആരാ ഈ ഗൗരി? ചോദിക്കാൻ ധൈര്യം വന്നില്ല. പത്താംക്ളാസു വരെ മാത്രം പഠിച്ച രാമചന്ദ്രൻ അതോടെ കഥകൾ വായിക്കാനും തുടങ്ങി. അങ്ങനെ പത്നനാഭന്റെ ഗൗരി എന്ന കഥയോടായി രാമചന്ദ്രനും ഏറ്റവുമിഷ്ടം. ബഹ്റൈനിലും അബുദബിയിലും ദുബായിലുമൊക്കെ കൂടെപ്പോയിട്ടുണ്ട്. പത്മനാഭന്റെ കഥകൾ വായിക്കുമ്പോൾ രാമചന്ദ്രനു മറ്റൊരു തിരിച്ചറിവു കൂടി വന്നു. പല കഥകളിലും കഥാപാത്രമായി താനുണ്ട് ! സ്നേഹമുള്ള കണ്ണുകളും ദേഷ്യമുള്ള ചുണ്ടുകളുമുള്ളയാളാണ് ടി പത്മനാഭൻ. സ്നേഹമുള്ളപ്പോൾ രാമചന്ദ്രാ എന്നും ദേഷ്യം വരുമ്പോൾ വൃകോദരാ എന്നും വിളിക്കും. രാമചന്ദ്രൻ തിരിച്ചു വിളിക്കുന്നത് മുതലാളീ എന്നു മാത്രം.  കുറച്ചെഴുതും. എന്നിട്ട് അവിടെ വയ്ക്കും. പിന്നെ പിറ്റേ ദിവസമോ രണ്ടു ദിവസം കഴി‍ഞ്ഞോ ഒക്കെയാണ് ബാക്കി എഴുതുക. പത്മനാഭന്റെ എഴുത്തുരീതി രാമചന്ദ്രൻ കണ്ടിട്ടുള്ളത് ഇങ്ങനെയാണ്.

ഒരിക്കൽ എഴുതിയത് അത്രയും വായിച്ചു കേൾപ്പിച്ചിട്ട് ചോദിച്ചു.. എടാ, സാധാരണ എല്ലാവരും കഥ ആദ്യം മുതൽ അല്ലേ എഴുതിത്തുടങ്ങുന്നത്. ഇന്ന് ഞാൻ അവസാന ഭാഗമാണ് ആദ്യം എഴുതിയത്. നിന്റെ അഭിപ്രായമെന്താ ? രാമചന്ദ്രൻ പറഞ്ഞു..  നന്നായിട്ടുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ആളെപ്പറ്റി എഴുതിയ കഥയ്ക്ക് മൂന്നു തലക്കെട്ടുകൾ എഴുതി ഏതുവേണമെന്ന് സംശയം വന്നപ്പോൾ പത്മനാഭൻ ചോദിച്ചത് രാമചന്ദ്രനോടാണ്.. നിനക്ക് ഏതാ ഇഷ്ടം ?  രാമചന്ദ്രൻ പറഞ്ഞു.. പൊന്നിൻകുടമാ മുതലാളീ.. അങ്ങനെ പൊന്നി‍ൻകുടമെന്നായി ആ കഥയുടെ തലക്കെട്ട്.  പത്മനാഭന്റെ കഥകളിൽ നിറയെ സ്നേഹമാണ്. ഊണുമേശയിൽ നിറയെ വെജിറ്റേറിയനും. പക്ഷേ തൊട്ടുമുന്നിലിരുന്ന് ഫിഷ്ഫ്രൈയും ചിക്കനുമൊക്കെ കഴിക്കാൻ അധികാരമുണ്ട് രാമചന്ദ്രന്

. അതു കണ്ട് ഒരു അയക്കൂറ ഫ്രൈ കൂടി ഓർഡർചെയ്തിട്ടു പത്മനാഭൻ പറയും.. നീ കഴിക്കുന്നത് കാണാനാണ് എനക്കിഷ്ടം.  പാലുകാരൻ, ഓട്ടോക്കാരൻ, കൂട്ടുകാരൻ, സഹയാത്രികൻ അങ്ങനെ ഇഷ്ടം കൂടിക്കൂടി മറ്റൊരു വേഷം കൂടി കിട്ടിയപ്പോൾ സങ്കടമായി രാമചന്ദ്രന്. പത്മനാഭന്റെ ഭാര്യ ഭാർഗവിയമ്മ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്ത് പയ്യാമ്പലം കടൽത്തീരത്ത് ചിതയ്ക്കു തീ കൊളുത്തിയവരിൽ ഒരാൾ രാമചന്ദ്രനായിരുന്നു. ഇനിയും ഞാൻ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും അദ്ദേഹം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്. തിരുനാവായയിൽ വേണം, കർമങ്ങൾ ചെയ്യേണ്ടവരിൽ ഞാനും ഉണ്ടാവണം എന്നൊക്കെ..  പ്രായത്തിൽ ഞങ്ങൾ തമ്മിൽ 35 വയസ്സിന്റെ വ്യത്യാസമുണ്ട്. എനിക്ക് മകന്റെ സ്ഥാനമായിരിക്കും അല്ലേ..! – രാമചന്ദ്രൻ പറയുന്നു.  പാലുമായി കയറി വന്ന ഓട്ടോക്കാരൻ ജീവിതത്തിന്റെ ഉപ്പായി മാറിയ ഈ കഥയ്ക്ക് പത്മനാഭൻ എന്തു പേരിടും!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com