കൊച്ചി ∙ കറൻസി രഹിത സമൂഹമാക്കി രാജ്യത്തെ മാറ്റാനുള്ള നടപടികൾ അഭിനന്ദനാർഹങ്ങളാണെങ്കിലും ഘടനാപരമായ പരിഷ്‌കാരങ്ങൾക്കു ബജറ്റിൽ കാര്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നു ഡോ. സുദീപ്‌തോ മണ്ഡൽ പറഞ്ഞു. ആധാറും ഭീം ആപ്പുമൊക്കെ ഡിജിറ്റൈസേഷനിലേക്കുള്ള പ്രയാണം എളുപ്പമാക്കുന്നുണ്ടെങ്കിലും ആഗോള പരിഷ്‌കാരങ്ങളുടെ അജൻഡയ്‌ക്കൊത്തുപോകുന്ന കൂടുതൽ നടപടികൾ ആവശ്യമാണ്. ഉൽപന്ന സേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്‌ഐപിബി) നിർത്തലാക്കുമെന്ന അറിയിപ്പും സ്വാഗതം ചെയ്യേണ്ടവയാണ്. എന്നാൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ശുദ്ധീകരണം സംബന്ധിച്ചു വ്യക്‌തമായ എന്തെങ്കിലും നടപടികൾ നിർദേശിക്കാൻ ബജറ്റിൽ കഴിയാതെപോയതു വലിയ പോരായ്‌മയാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഭീമമായ തോതിൽ തുടരുന്നിടത്തോളം സ്വകാര്യ നിക്ഷേപത്തിനു സാധ്യത കുറയും. അതിനാൽ ഇക്കാര്യം പരിഹരിക്കുന്നതിനു ശ്രമം വേണ്ടിയിരിക്കുന്നുവെന്നും ഡോ. മണ്ഡൽ നിർദേശിച്ചു.