Friday, January 3, 2025
Google search engine
HomeIndiaതിരുവനന്തപുരത്ത് കടത്തിയത് സ്വർണം; പണ്ട് മന്ത്രിയെ കടത്താനും ഡിപ്ലോമാറ്റിക് ബാഗേജ്

തിരുവനന്തപുരത്ത് കടത്തിയത് സ്വർണം; പണ്ട് മന്ത്രിയെ കടത്താനും ഡിപ്ലോമാറ്റിക് ബാഗേജ്

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ചതു വാർത്തയാകുമ്പോൾ, ഡിപ്ലോമാറ്റിക് ബാഗുകളുടെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമായി നിൽക്കുന്ന ഒരു സംഭവം ഇംഗ്ലണ്ടിൽ നടന്നിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗിൽ മന്ത്രിയെ വരെ കടത്താമെന്നു തെളിയിച്ച സംഭവം.

ഉമാറു ഡിക്കോ നൈജീരിയയിൽ ഗതാഗത മന്ത്രിയായിരുന്നു. 1983–ൽ നൈജീരിയയിൽ പട്ടാള വിപ്ലവം നടക്കുകയും ഷെഗു സഗാരി സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തപ്പോൾ 100 കോടിയോളം ഡോളറിന്റെ അഴിമതിക്കേസിൽ ഉൾപ്പെട്ട ഉമാറു ഡിക്കോ ഇംഗ്ലണ്ടിൽ രാഷ്ട്രീയ അഭയം തേടി. തിരിച്ചു കൊണ്ടുവരാൻ പട്ടാള ഭരണകൂടം ഇസ്രയേലിന്റെ സഹായവും തേടി. 1984–ൽ ഒരു ദിവസം ഷോപ്പിങ് മാളിൽ നിന്ന് ഇറങ്ങുമ്പോൾ 2 പേർ ഉമാറു ഡിക്കോയെ കീഴ്പ്പെടുത്തി വാനിൽ കയറ്റി, മയക്കുമരുന്ന് കുത്തിവച്ച് ബോധരഹിതനാക്കി. ഇസ്രയേലിലെ അനസ്തീസിയ ഡോക്ടറും ഉണ്ടായിരുന്നു. ഉമാറുവിനെയും ഡോക്ടറെയും 2 പെട്ടികളിലാക്കി സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തി.

നൈജീരിയയിലേക്കുള്ള 707 വിമാനത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് ആയി ഈ പെട്ടികൾ ബുക്കു ചെയ്തു. ചാൾസ് ഡേവിഡ് മാരോ എന്ന ബ്രിട്ടിഷ് കസ്റ്റംസ് ഓഫിസർക്ക് സ്കോട്‌ലൻഡ്‌യാഡ് പൊലീസിന്റെ സന്ദേശം എത്തിയത് അപ്പോഴായിരുന്നു– ഒരു നൈജീരിയൻ നേതാവിനെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ചാൾസ് ആ പെട്ടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. അടുത്ത നിമിഷം, കൂടെ നിന്ന നൈജീരിയൻ എംബസി ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഡിപ്ലോമാറ്റിക് പെട്ടിയിൽ നിന്ന് ബോധരഹിതനായ ഉമാറു ഡിക്കോവിനെ പുറത്തെടുത്തു. മറ്റേ പെട്ടിയിൽ അനസ്തീസിയ വിദഗ്ധൻ ഓക്സിജൻ സിലിണ്ടറും ട്യൂബും ഒക്കെയായി കുഴപ്പം കൂടാതെ ഉണ്ടായിരുന്നു. 6 പേരെ അറസ്റ്റു ചെയ്തെങ്കിലും ഇംഗ്ലണ്ടും നൈജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം വിഛേദിച്ചു. 2 വർഷത്തിനുശേഷമാണ് ഉമാറുവിനെ കൈമാറിയത്. 2014–ൽ 77–ാം വയസ്സിൽ അന്തരിച്ചു.

ഡിപ്ലോമാറ്റിക് ബാഗ് എന്നാൽ എന്ത്?

ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ ഡിപ്ലോമാറ്റിക്ക് പൗച്ച് രാജ്യാന്തര രംഗത്ത് വളരെ വിലപ്പെട്ട ഒരു പെട്ടിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്കോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തിനോ അതുമല്ലെങ്കിൽ െഎക്യരാഷ്ട്ര സംഘടന പോലെയുള്ള സ്ഥാപനങ്ങൾക്കോ രേഖകൾ അയക്കുക ഡിപ്ലോമാറ്റിക് ബാഗിലാണ്. ഇതിനു പുറമേ സാധനങ്ങൾ, ഉപഹാരങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയും ഡിപ്ലോമാറ്റിക് ബാഗുകളായി അയക്കാറുണ്ട്.

ഡിപ്ലോമാറ്റിക് ബാഗുകൾക്ക് സംരക്ഷണമുണ്ട്. 1961ലെ വിയന്നാ കൺവെൻഷൻ ഒാൺ ഡിപ്ലോമാറ്റിക് റിലേഷൻസ് അനുസരിച്ച് ഇതിന് മാർഗരേഖകളുണ്ട്. 1963–ൽ വിയന്ന കൺവെൻഷൻ ഒാൺ കൗൺസുലർ റിലേഷൻസ് ആൻഡ് ഒാപ്ഷനൽ പ്രോട്ടോക്കോൾ അനുസരിച്ച് ഇതു പുതുക്കി. 1969, 1975 എന്നീ വർഷങ്ങളിലും പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തു. ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ അയക്കുന്ന ഒാഫിസറുടെ പൂർണ വിവരങ്ങളും ആർക്കാണോ അയക്കുന്നത് ആ ഒാഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കിൽ ക്യാപ്റ്റനും വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ പകർപ്പ് നൽകണം. മൂന്നാമത്, ഒരു രാജ്യത്ത് ഇറക്കി പിന്നീട് വേറെ വിമാനത്തിലോ കപ്പലിലോ അയക്കുകയാണെങ്കിൽ ആ രാജ്യത്ത് ഇത് ആരാണ് കൈകാര്യം ചെയ്യുക എന്ന വിവരങ്ങളും വേണം.

വലിയ ബാഗേജുകൾ അയക്കുമ്പോൾ ഒരു കുറിയർ കൂടെ സഞ്ചരിക്കാറുമുണ്ട്. ഡിപ്ലോമാറ്റിക് ബാഗുകൾ അനുമതി കൂടാതെ തുറക്കരുത് എന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ തുറക്കുകയാണെങ്കിൽത്തന്നെ അതു കിട്ടുന്ന രാജ്യത്തിന്റെ ഒാഫിസറുടെ സാന്നിധ്യത്തിലാവണം തുറക്കേണ്ടത്. ഡിപ്ലോമാറ്റിക് ബാഗ് അതു കിട്ടുന്ന രാജ്യത്തിന് വേണ്ട എന്നു വയ്ക്കാം. കൂടെ വരുന്ന കുറിയറെപ്പോലും മടക്കി അയക്കാം. നയതന്ത്ര പ്രതിനിധികൾക്ക് ഉള്ളതു പോലെ ഡിപ്ലോമാറ്റിക് ബാഗിനും ഇമ്യൂണിറ്റി ഉണ്ട്. ക്രിമിനൽ നടപടി ക്രമങ്ങളിൽ നിന്ന് മുക്തമാണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com