Monday, December 23, 2024
Google search engine
HomeAutoടൊയോട്ട ഫോർച്യൂണറോട് മത്സരിക്കാൻ ഹ്യുണ്ടെയ്‌യുടെ ഭീമൻ, പാലിസേഡ്

ടൊയോട്ട ഫോർച്യൂണറോട് മത്സരിക്കാൻ ഹ്യുണ്ടെയ്‌യുടെ ഭീമൻ, പാലിസേഡ്

ബജറ്റ് കാറിലൂടെ ജനമനസ്സിലേക്കു കയറി പതിയെ പ്രീമിയം  മോഡലുകൾ കൊണ്ടുവന്നു  വിപണി പിടിച്ച കമ്പനിയാണ് ഹ്യുണ്ടെയ്. മാരുതിയോടു സകല അടവും പയറ്റിത്തന്നെയാണ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടെയ് കാലുറപ്പിച്ചു നിൽക്കുന്നത്. സാൻട്രോ മുതൽ സാന്റാഫെ വരെയുള്ള വാഹനനിര ഹ്യുണ്ടെയ്‌യുടെ നിർമാണ മികവ് കാട്ടിത്തന്നതാണ്. 2020 ൽ എത്തി നിൽക്കുമ്പോൾ വിപണിയിലെ മികച്ച മോഡൽ നിരയാണ് ഹ്യുണ്ടെയ് അവതരിപ്പിച്ചിരിക്കുന്നത്. വെന്യുവും പുതിയ ക്രേറ്റയും വിപണിയിലെ ഹിറ്റ് ആണെന്നു പറയേണ്ടതില്ല. പുതിയ െഎ20 യും പുറകേ എത്തുകയാണ്. എലാൻട്ര കൂടുതൽ സുന്ദരിയായി റാംപിലേയ്ക്കുള്ള വിളിക്കായി കാത്തു നിൽക്കുന്നു. ഇവർക്കൊപ്പം ഹ്യുണ്ടെയ്‌യുടെ മല്ലനും ഇന്ത്യയിലേക്കെത്തുന്നു എന്നതാണ് പുതിയ വാർത്ത. പാലിസേഡ് എന്ന പേരിൽ ഹ്യുണ്ടെയ്ക്കൊരു ഇടിവെട്ട് എസ്‌യുവി ഉണ്ട്. ഹ്യുണ്ടെയ്‌യുടെ പതാകവാഹകനായ ഇവനാണ് ഇന്ത്യൻ മണ്ണിലേക്കെത്താൻ ഒരുങ്ങുന്നത്

പാലിസേഡ് എന്ന ഭീമൻ

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ എന്നിവരടങ്ങുന്ന വിഭാഗത്തിലാണ് പാലിസേഡും. നിലവിൽ അമേരിക്കയടക്കമുള്ള വിപണിയിൽ പാലിസേഡ് ഉണ്ട്. 7, 8 സീറ്റർ വകഭേദമുണ്ടിതിന്. ഭീമൻ ലുക്കും പ്രീമിയം ഫിനിഷുമാണ് ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കുക. സ്പോർട്ടിനെസ്സും പ്രീമിയം ഫീലും സമ്മേളിക്കുന്ന ഹ്യുണ്ടെയ്‌യുടെ പുതിയ ഡിസൈൻ ഭാഷ്യത്തിൽ തന്നെയാണ് പാലിസേഡിന്റെയും രൂപകൽപന. കനമേറിയ ക്രോം സ്ട്രിപ്പോടുകൂടിയ കാസ്കേഡ് ഗ്രില്ലും വിഭജിച്ച ഹെഡ്‌ലാംപും വേറിട്ടു നിൽക്കുന്ന എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും തടിച്ചുരുണ്ട് ബോണറ്റുമെല്ലാമാണ് മുൻ കാഴ്ചയിലെ എടുപ്പ്. 20 ഇഞ്ച് വീലുകളാണ്. ഫോഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ എന്നിവരെക്കാളും നീളവും വീതിയും കൂടുതലുണ്ട് പാലിസേഡിന്. എന്നാൽ ഉയരം അൽപം കുറവാണ്. വീൽബേസിലും മുൻതൂക്കം പാലിസേഡിനു തന്നെ.  തടിച്ച ഷോൾഡർ ലൈനും വീൽ ആർച്ചുകളും വശക്കാഴ്ചയിൽ ഗാംഭീര്യം കൂട്ടുന്നു

ആഡംബരത്തികവിൽ

ആഡംബരത്തികവേറിയ ഇന്റീരിയർ. പ്രീമിയം നാപ്പ ലെതർ സീറ്റുകളാണ്. മുൻനിര സീറ്റുകൾ  8 തരത്തിൽ ക്രമീകരിക്കാം! ഒന്നും രണ്ടും നിര സീറ്റുകൾ വെന്റിലേറ്റഡ് ആണ്. മൂന്നു നിര സീറ്റകൾക്കും യുഎസ്ബി പോർട്ടുകളും സൺ ഷെയ്ഡുകളുമുണ്ട്.12 സ്പീക്കറുള്ള ഹാർമൻ കാർഡൻ മ്യൂസിക് സിസ്റ്റമാണ്. ഇരട്ട സൺറൂഫ്, 10.25 ഇഞ്ച് വലുപ്പമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ എൽ‌സിഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട്. മാപ് പോക്കറ്റുകളും മിനിപോക്കറ്റുകളുമടക്കം ഒട്ടേറെ സ്റ്റോറേജ് സ്പെയ്സുമുണ്ട്. സീറ്റുകൾക്കടിയിൽ പോലും സ്റ്റോറേജ് സ്പെയ്സ് ഒരുക്കിയിട്ടുണ്ട്. സീറ്റുകളെല്ലാം ഞൊടിയിടയിൽ മടക്കുകയും നിവർത്തുകയുമൊക്കെ ചെയ്യാം

സുരക്ഷിത യാത്രയാണ് പാലിസേഡിൽ ഹ്യുണ്ടെയ് വാഗ്ദാനം ചെയ്യുന്നത്. സ്പോർട്ട് കൊളീഷൻ വാണിങ്, മുൻ പിൻ പാർക്ക് സെൻസർ, റിയർ ക്രോസ് ട്രാഫിക് കൊളീഷൻ‌ വാണിങ്, ലെയിൻ ഫോളോയിങ്, ലെയിൻ കീപ്പിങ് അസിസ്റ്റ്, പെഡസ്ട്രിയൻ ഡിറ്റക്‌ഷൻ ആൻഡ് ഒാട്ടമാറ്റിക് എമർജൻസി  ബ്രേക്കിങ്, സേഫ് എക്സിസ്റ്റ് അസിസ്റ്റ്, എന്നിങ്ങനെ ഡ്രൈവിങ് ഈസിയാക്കുന്ന ഒരു ലോഡ് ഫീച്ചറുകളുണ്ട് ഇതിൽ. ചിലതു പറഞ്ഞെന്നു മാത്രം. 9 എയർബാഗിന്റെ സുരക്ഷയുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്‌ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിങ്ങനെ സുരക്ഷയൊരുക്കുന്ന മറ്റുസംവിധാനങ്ങളുടെ ലിസ്റ്റ് വേറെ

പെട്രോൾ ഹൃദയം

3.8 ലീറ്റർ 6 സിലിണ്ടർ പെട്രോൾ എൻജിനാണ് പാലിസേഡിലുള്ളത്. കൂടിയ കരുത്ത് 291 ബിഎച്ച്പി. ടോർക്ക് 355 എൻഎം. എട്ട് സ്പീഡ് ഒാട്ടമാറ്റിക് ട്രാൻസ്മിഷനും ഒാൾവീൽ ഡ്രൈവ് സിസ്റ്റവും എല്ലാം വേരിയന്റിലും അടിസ്ഥാന സൗകര്യമാണ്. 25 ലക്ഷം മുതലായിരിക്കും പാലിസേഡിന്റെ ഇന്ത്യൻ വില ആരംഭിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com