രാജ്യത്ത് രോഗവ്യാപനം പരമാവധിയിൽ എത്താനിരിക്കുന്നതേയുള്ളുവെന്ന് പഠനം
12 ദിവസത്തിനിടെ ഒരു ലക്ഷത്തിൽപരം കോവിഡ് രോഗികൾ. എന്നിട്ടും ഇന്ത്യയിൽ രോഗബാധ പരമാവധിയിൽ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് കൂടുതൽ രൂക്ഷമാകുമെന്നാണു ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വർധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു മുന്നറിയിപ്പ്. പേടിക്കണം ജൂലൈ–ഓഗസ്റ്റ് ജൂലൈയിലോ ഓഗസ്റ്റിലോ രോഗികൾ പരമാവധിയാകുമെന്ന് ഗംഗാറാം ആശുപത്രി ഉപാധ്യക്ഷൻ ഡോ. എസ്.പി. ബയോത്ര പറയുന്നു. കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര സർക്കാരിന്റെ കർമസമിതി അംഗവും എയിംസ് ഡയറക്ടറുമായ ഡോ. രൺദീപ് ഗുലേറിയ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. രോഗവ്യാപനം കുറയുന്നതിന്റെ സൂചന ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റിൽ രണ്ടാംതരംഗമുണ്ടാകുമെന്നാണു വിദേശ ഗവേഷകരുടെ നിഗമനം. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് 15നു ശേഷമായിരിക്കും വ്യാപക വർധനയെന്ന കണക്കുകൂട്ടൽ സംസ്ഥാന സർക്കാരിനു തന്നെയുണ്ട്. ഓഗസ്റ്റ് പകുതിയോടെ 2.74 കോടി പേർക്കു കോവിഡ‍് ബാധിക്കുമെന്നായിരുന്നു നിതി ആയോഗിന്റെ നിഗമനം. വർധനയ്ക്കു പിന്നിൽ ലോക്ഡൗൺ പടിപടിയായി നീക്കുന്ന ഘട്ടമാണ് ഇപ്പോഴും. ഇതിന്റെ ഫലം കണ്ടു തുടങ്ങാനിരിക്കുന്നതേയുള്ളുവെന്നു വിദഗ്ധർ പറയുന്നു. ഇതിനൊപ്പമാണു പ്രവാസികളുടെ മടങ്ങിവരവ്. പരിശോധന കൂടുന്നതനുസരിച്ച് രോഗികൾ കൂടുമെന്നതു മറ്റൊരു കാരണം. വൈറസ് വ്യാപനം സമഗുണിത ശ്രേണിയിലാണെന്നതിന്റെ (ജ്യോമെട്രിക് പ്രോഗ്രഷൻ) ഉദാഹരണമാണ് ഇവിടെ വ്യക്തമാകുന്നത്. ആദ്യത്തെ 1 ലക്ഷം കേസുകൾക്കു വേണ്ടി വന്നത് 100 ദിവസമാണ്. 2 ലക്ഷം ആകാനെടുത്തത് 14 ദിവസം. 3 ലക്ഷമാകാൻ 12 ദിവസവും.