ന്യൂഡൽഹി∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്ന കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങൾ ധനമന്ത്രി നിർമല സീതാരാമനുമായി മുരളീധരൻ ചർച്ച ചെയ്തു. ചർച്ചയിൽ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികൾ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരൻമാരെയും ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. സ്വർണക്കടത്ത് യുഎഇയും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിനു കളമൊരുക്കി കേന്ദ്രസര്‍ക്കാരും പിടിമുറുക്കുന്നു.
ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നതതല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മല സീതാരാമൻ പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തില്‍ ഇടപെടുന്നുണ്ട്. ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയും ഐടി വിഭാഗം മേധാവി അമിത് മാളവ്യയും സമൂഹമാധ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്‍പ്പെടുത്തി വിവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. അതിനിടെ, യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിനു കത്തയച്ചു