ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ നഗരങ്ങൾ കേന്ദ്രീകരിച്ചാണെന്ന് നിതി ആയോഗ് അംഗം വിനോദ് പൗൾ വിശദീകരിച്ചു. നിതി ആയോഗിന്‍റെ റിപ്പോര്‍ട്ടിന് അനുസൃതമായി ജില്ലകള്‍ തോറും ആശുപത്രികള്‍, കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, പരിശോധന എന്നിവ വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു
സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
റിയാദ് കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷൻ മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുൽ സലാമിന്റെ മകൻ സാബിർ അബ്ദുൽ സലാം(22) സൗദി അറേബ്യയിലെ റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയം ജില്ലയിൽ ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. മേയ് 28ന് മുംബൈയിൽ നിന്നെത്തി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന എലിക്കുളം സ്വദേശിനിയായ 12 വയസ്സുകാരിക്കാമ് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി എത്തിയത്. മാതാപിതാക്കളുടെ സാംപിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. അതേസമയം, കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന രണ്ടു യുവതികള്‍ രോഗമുക്തരായി. മേയ് 25ന് മഹാരാഷ്ട്രയില്‍നിന്നു വന്ന പാറത്തോട് സ്വദേശിനി(31)ക്കും മേയ് 26ന് കുവൈറ്റില്‍നിന്നു വന്ന ഏറ്റുമാനൂര്‍ സ്വദേശിനി(40)ക്കുമാണ് രോഗം ഭേദമായത്. ഇരുവരും വീട്ടിലേക്കു മടങ്ങി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 44 ആയി.
എറണാകുളം ജില്ലയിൽ 7 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 9ന് ബെംഗളൂർ–കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പിനിയിലെ ഉദ്യോഗസ്ഥനായ ബംഗാൾ സ്വദേശി, ജൂൺ 8ന് ഡൽഹി–കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള മുടക്കുഴ സ്വദേശിനി , ജൂൺ 9ന് മസ്കത്ത്–കരിപ്പൂർ വിമാനത്തിലെത്തിയ 28 വയസ്സുള്ള മരട് സ്വദേശി, മേയ് 28ന് ദുബായ്–കൊച്ചി വിമാനത്തിലെത്തിയ മൂന്നര വയസ്സുള്ള കുട്ടി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര വയസ്സുള്ള കുട്ടിയുടെ അമ്മയ്ക്കു ജൂൺ 3ന് രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 31ന് നൈജീരിയ–കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള വൈറ്റില സ്വദേശിക്കും ,അതേ വിമാനത്തിലെത്തിയ 30 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിനിക്കും, 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. ജൂൺ അഞ്ചിന് ഖത്തറില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 25 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39. നിലവില്‍ ജില്ലയില്‍ 89 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 85 പേര്‍ ജില്ലയിലും, 4 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ആലപ്പുഴ ജില്ലയിൽ ഒൻപതു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർക്കാണു രോഗം. ജില്ലയിൽ ഇന്ന് 9 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തു നിന്നും 2 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 8 പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു .
കോഴിക്കോട് ജില്ലയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേർ വിദേശത്ത് നിന്നും 2 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവർത്തകനും കോഴിക്കോട് സ്വദേശിയായ കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
പത്തനംതിട്ട മഞ്ഞനിക്കര സ്വദേശി കോവിഡ് ബാധിച്ചു സൗദിയിൽ മരിച്ചു. വടക്കേതൊണ്ടലിൽ ജോസ് പി. മാത്യു (59) ആണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവവരിൽ വിദേശത്തുനിന്നു വന്നവർ–53, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–18, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്–10, രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ–4, രോഗമുക്തരായവർ–46.
സ്ഥാനത്ത് ഇന്ന് 85 പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസർകോട് ജില്ലകളില്‍ 9 പേര്‍ക്കു വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കു വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.