ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക ഏടുകളിലൊന്നാണ് 2005 ആഷസ്. പരമ്പരയിലെ ഏറ്റവും ആവേശകരമായിരുന്ന എഡ്ജ് ബാസ്റ്റൺ ടെസ്റ്റിന് ആഗസ്റ്റ് ഏഴിന് 15 വർഷം തികയുകയാണ്.സർവ്വ പ്രതാപികളായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിെന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇംഗ്ലണ്ട് മുട്ടുകുത്തിച്ച പോരാട്ടം.
1986ന് ശേഷം നീണ്ട 19വർഷം ആഷസ് ഇംഗ്ലീഷുകാർക്ക് കിട്ടാക്കനിയായിരുന്നു. ഉഗ്രപ്രതാപികളായ ആസ്‌ട്രേലിയൻ ടീമിലെ സുവർണതാരങ്ങളോട് കൊമ്പുകോർക്കാനുള്ള വീര്യവും പ്രതിഭയും ശരാശരിക്കാർ മാത്രമായ ഇംഗ്ലീഷുകാർക്കില്ലാതെ പോയി. ആഷസിലെ തുടർ തോൽവികൾ ഇംഗ്ലണ്ടിൽ ക്രിക്കറ്റിെൻറ ജനപ്രിയത നന്നേകുറച്ചു. ഡബ്ള്യു.ബി ഹീസ്റ്റിെൻറയും ഇയാൻ ബോത്തമിെൻറയും ബോബ് വില്ലിസിെൻറയും പഴയ വീരകഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു മുത്തച്ഛന്മാർ പുതിയ ടീമിനോടുള്ള പരിഹാസങ്ങൾ വാരിവിതറി.
2005ൽ ആസ്ട്രേലിയ ഇംഗ്ലണ്ടിൽ വന്നിറങ്ങിയപ്പോഴും അനായാസകിരീടത്തിനപ്പുറം മറ്റാരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റിൽ 239റൺസിെൻറ ഗംഭീര വിജയവുമായി ആ വർഷവും അപ്രതീക്ഷിതമായൊന്നുമില്ലെന്ന് റിക്കി പോണ്ടിങ്ങും സംഘവും തെളിയിച്ചു. പക്ഷേ പിന്നീട് നടന്നത് മറ്റൊന്നായിരുന്നു.
രണ്ടാംടെസ്റ്റിന് എഡ്ജ്ബാസ്റ്റണിൽ കളമൊരുങ്ങി. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് മാർകസ് ട്രെസ്കോത്തിക്, കെവിൻ പീറ്റേഴ്സൺ, ആൻഡ്രൂ ഫ്ലിേൻറാഫ് എന്നിവരുടെ അർധ സെഞ്ചുറിക്കരുത്തിൽ 407 റൺസ് കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറിങ്ങിയ ഓസീസ് നിരയിൽ ശോഭിക്കാനായത് 82 റൺസെടുത്ത ജസ്റ്റിൻ ലാംഗറിനും 61 റൺസെടുത്ത നായകൻ റിക്കി പോണ്ടിങ്ങിനും മാത്രം. നാലുവിക്കറ്റെടുത്ത മാത്യൂ ഹൊഗാർഡും മൂന്നുവിക്കറ്റെടുത്ത ഫ്ലിേൻറാഫുമാണ് ഓസീസിെൻറ നട്ടെല്ലൊടിച്ചത്.
99 റൺസിെൻറ ലീഡുമായി ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങി. ആസ്‌ട്രേലിയൻ ബൗളർമാർ വിശ്വരൂപം പുറത്തെടുത്തു. ബ്രറ്റ് ലീയുെട തീതുപ്പുന്ന പന്തുകൾക്കും ഷെയ്ൻ വോണിെൻറ കറങ്ങിത്തിരിഞ്ഞ പന്തുകൾക്കും മുമ്പിൽ അതിജീവിക്കാനാകാതെ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ നിരയായി കൂടാരം കയറി.
ഒരേ ഒരാൾ മാത്രം അവിടെയും ചെറുത്തുനിന്നു. പേര് ആൻഡ്രൂ ഫ്ലിേൻറാഫ്. ആെക 182 റൺസ് മാത്രം കുറിച്ച ഇംഗ്ലീഷ് സ്കോർബോർഡിലെ 73 റൺസും ഫ്ലിേൻറാഫിെൻറ സംഭാവനയായിരുന്നു. നാലു സിക്സറുകളും ആറുബൗണ്ടറികളും അടക്കം ഫ്ലിേൻറാഫ് വീരോചിതമായി പോരാടി.
ആസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത് 282 റൺസ് മാത്രം. ഓസീസ് അതുനേടിയെടുക്കുമെന്നുതന്നെ എല്ലാവരും കരുതി. വിക്കറ്റൊന്നും നഷ്ടമാകാതെ 47 റൺസെത്തിയ ഓസീസ് അനായാസം വിജയത്തിലേക്കെന്ന് തോന്നിപ്പിച്ച നിമിഷം.ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ ഫ്ലിൻറാഫിനെ പന്തേൽപ്പിച്ചു. രണ്ടാംപന്തിൽ തന്നെ ലാംഗറെ കുറ്റിതെറിപ്പിച്ച് ഫ്ലിേൻറാഫ് മടക്കി. തൊട്ടുപിന്നാലെ ക്രീസിലെത്തിയത് സാക്ഷാൽ പോണ്ടിങ്. പക്ഷേ അത് ഫ്ലിേൻറാഫിെൻറ ദിവസമായിരുന്നു. വെടിയുണ്ടപോലെ തുളച്ചുകയറിവന്ന പന്തുകളെ പ്രതിരോധിച്ചുനിൽക്കാൻ പോണ്ടിങ് നന്നായി വിയർത്തു. ആറാമത്തെ പന്ത് നോബോൾ ആയതിനാൽ അധികംവന്ന പന്തിൽ ഫ്ലിേൻറാഫ് പോണ്ടിങ്ങിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മനോഹരമായി ഓവറുകളിലൊന്നായിരുന്നു അത്.
തൊട്ടുപിന്നാലെ കാര്യമായ സംഭാവനകളൊന്നുമില്ലാതെ മാത്യൂ ഹെയ്ഡൻ, ഡാമിയൻ മാർട്ടിൻ, ആദം ഗിൽക്രിസ്റ്റ്, സൈമൺ കാറ്റിച് അടക്കമുള്ള പുകൾപെറ്റ ഓസീസ് നിര കൂടാരം കയറി. 175 റൺസിലെത്തിയപ്പോൾ എട്ടാമത് വിക്കറ്റായി മൈക്കൽ ക്ലാർക് കൂടി കൂടാരം കയറിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. പക്ഷേ ഓസീസ് തോൽക്കാൻ തയ്യാറായില്ല. വാലറ്റത്ത് ബ്രറ്റ്ലീയുമായി ചേർന്ന് 45 റൺസ് കൂട്ടുകെട്ടുണ്ടാക്കി വോൺ മടങ്ങുേമ്പാൾ സ്കോർ ഒമ്പതുവിക്കറ്റിന് 220 എന്ന നിലയിലായിരുന്നു. ഒരുവിക്കറ്റകലെയിരുന്ന് ഇംഗ്ലണ്ടിനെ ജയം മാടിവിളിച്ചു. പക്ഷേ അവസാന വിക്കറ്റിൽ ബ്രറ്റ് ലീയും മൈക്കൽ കാസ്പറോവിച്ചും പതറാതെ പിടിച്ചുനിന്നു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇംഗ്ലണ്ടിന് അവസാനവിക്കറ്റ് തെറിപ്പിക്കാനായില്ല. ഇംഗ്ലീഷ് ആരാധകരുടെ മുഖത്ത് കാർമേഘം ഇരുണ്ടുകൂടി.
ഓസീസിന് വിജയത്തിന് മൂന്ന് റൺസ് മാത്രം. ഡ്രെസിങ് റൂമിൽ പ്രതീക്ഷകളുണർന്നു. പക്ഷേ കളി വീണ്ടും കൗതുകം ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. സ്റ്റീവ് ഹാർമിസെൻറ പന്തിനുമുമ്പിൽ ഒഴിഞ്ഞുമാറിയ കാസ്പറോവിചിന് പിഴച്ചു. പന്ത് ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പറുടെ കയ്യിലേക്ക്.
ഇംഗ്ലണ്ടിന് രണ്ട് റൺസ് ജയം. ഇംഗ്ലീഷ് ആരാധകർ ആഹ്ലാദത്താൽ തുള്ളിച്ചാടി. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിെൻറ ആവേശം ശേഷിക്കുന്ന മത്സരങ്ങളിലും പ്രകടമായിരുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടന്ന മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയസാധ്യത ഉള്ളതിനാൽ അഞ്ചാം ദിനം ആഷസ് കാണാൻ ടിക്കറ്റ് ലഭിക്കാതെ 20000ത്തിലേറെപേർക്ക് മടങ്ങിപ്പോകേണ്ടിവന്നു. വിജയത്തിനായി ഇംഗ്ലീഷ് ബൗളർമാർ കിണഞ്ഞുശ്രമിച്ചെങ്കിലും ആസ്‌ട്രേലിയയുടെ അവസാനവിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്നതോടെ മത്സരം സമനിലയിലേക്ക്.
ട്രെൻറ് ബ്രിഡ്ജിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. കണ്ണുകളെല്ലാം അവസാന ടെസ്റ്റിലേക്ക്, ഓവലിൽ നടന്ന അഞ്ചാം മത്സരം വെളിച്ചക്കുറവുമൂലം അവസാനിപ്പിച്ച് ബെയിൽസ് തെറിപ്പിച്ചപ്പോൾ ഗാലറിയിലിരുന്ന് ഇംഗ്ലീഷ് ആരാധകർ കരഘോഷം മുഴക്കി അലറിവിളിച്ചു.അവിശ്വസനീയമായത് സംഭവിച്ചിരിക്കുന്നു. ഒന്നിനെതിരെ രണ്ടുമത്സരങ്ങൾക്ക് സാക്ഷാൽ ആസ്ട്രേലിയ പരാജയപ്പെട്ടിരിക്കുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിറഞ്ഞാടിയഫ്ലിേൻറാഫ് ആയിരുന്നു ഇംഗ്ലീഷുകാർക്ക് മോഹനവിജയം സമ്മാനിച്ചത്. ആഷസ് അരങ്ങേറിയ ആഴ്ചകളിൽ ഇംഗ്ലണ്ടിൽ ഡേവിഡ് ബെക്കാമിനെക്കാളും വെയ്ൻ റൂണിയെക്കാളും ജനപ്രിയത ഫ്ലിന്റോഫിനുണ്ടായിരുന്നെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്പുറത്തും ആരും മോശമായിരുന്നില്ല. വോണിന്റെ മാന്ത്രികപന്തുകളും പോണ്ടിങ്ങിെൻറ പോരാട്ടവീര്യവുമെല്ലാം സീരിസിൽ പലകുറി കണ്ടു. പരമ്പര അക്ഷരാർഥത്തിൽ ക്രിക്കറ്റിന്റെ ക്ലാസിക്കൽ എകസിബിഷനായി മാറി.അന്ന് പ്രീമിയർ ലീഗിൽ പുതിയ സീസണ് കിക്കോഫ് മുഴങ്ങിയിട്ടും തെരുവുകളിലും ക്ലബുകളിലുമെല്ലാം ചർച്ച ക്രിക്കറ്റായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
പരമ്പര സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലീഷ് ടീമിനെയും വെച്ച് ലണ്ടൻ നഗരത്തിലെ ചത്വരത്തിൽ റോഡ് ഷോ ഒരുക്കി. താരങ്ങളെ കാണാൻ ഇംഗ്ലണ്ട് പതാകയുമായും “ഗോഡ് സേവ് ഔർ ക്വീൻ” ഗീതവുമായും ആയിരങ്ങളെത്തി. ലോകകപ്പ് ജയിച്ചിട്ട് റോഡ് ഷോ നടത്താത്തവരാണ് ഇംഗ്ലണ്ടെന്ന് ഓർക്കണം
കാരണം ഇംഗ്ലീഷുകാർ ക്രിക്കറ്റ് കളിക്കുന്നത് മൂന്ന് കാര്യത്തിനാണെന്നൊരു ചൊല്ലുണ്ട്.
1- ഓസ്‌ട്രേലിയയെ തോൽപ്പിക്കുക
2-ഓസ്‌ട്രേലിയയെ തോൽപ്പിക്കുക
3-ഓസ്‌ട്രേലിയയെ തോൽപ്പിക്കുക