തട്ടത്തിൻ മറയത്തെ പെണ്ണേ… നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ… തട്ടമിട്ട മൊഞ്ചത്തികളെ കാണുമ്പോഴേ മനസ്സിൽ ഓടിയെത്തുന്ന വരികളാണിത്. ഇപ്പോഴിതാ തട്ടമിട്ട ഒരു സുന്ദരി സമൂഹമാധ്യമത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്. തലശ്ശേരിയിലെ ബ്രണ്ണൻ കോളജിൽ നിന്നുള്ള സന എന്ന മൊഞ്ചത്തിയാണത്. മഴവിൽ മനോരമയിലെ ഗെയിം ഷോ ആയ ഉടൻ പണത്തിലൂടെയാണ് സനയെന്ന സുന്ദരിക്കുട്ടി വൈറലായിരിക്കുന്നത്. അസ്സൽ മലബാർ ഭാഷയിലുള്ള സംസാരവും നിഷ്കളങ്കതയുമൊക്കെയാണ് സനയെ കാഴ്ച്ചക്കാരിലേക്ക് ആകർഷിക്കുന്നതെന്നാണ് പലരും പറയുന്നത്. സനയെ കാണാൻ മാത്രമായി എപ്പിസോഡ് പലകുറി കണ്ടവരും കുറവല്ല. സനയുടെ തലശ്ശേരി മലയാളം കിടുവാണെന്നും സനയെപ്പോലൊരു നിഷ്കളങ്കയായ പെൺകുട്ടിയെയാണ് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്നും സനയെ കാണാനായി മാത്രം എപ്പിസോഡ് അഞ്ചാറുവട്ടം കണ്ടുവെന്നും പറഞ്ഞവർ ഏറെ. തീർന്നില്ല, സനയെക്കുപറിച്ചു ട്രോളുകളും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. താൻ തരംഗമായി മാറിയതറിഞ്ഞു ഞെട്ടുന്ന സന, ഉടൻ പണത്തിന്റെ ഈ എപ്പിസോഡു കണ്ടു സനയുടെ ഫാൻസായി മാറുന്നവർ, ഓളാ തട്ടമിട്ടാൽ പിന്നെ ചുറ്റൂള്ളതൊന്നും കാണാൻ പറ്റൂല്ല തുടങ്ങി രസകരമായ കമന്റുകളാണ് ട്രോളന്മാർ നൽകിയിരിക്കുന്നത്. സന അധികം വൈകാതെ സിനിമയിലും എത്തിപ്പെടും എന്നാഗ്രഹിക്കുന്നവരും ഏറെ. എന്തായാലും ചുരുങ്ങിയ നാളുകൊണ്ട് ഉടൻ പണത്തിലൂടെ ബ്രണ്ണൻ കോളജിന്റെ മാത്രമല്ല സമൂഹമാധ്യമത്തിലെ കൂടി താരമായി മാറിയിരിക്കുകയാണ് സന.
എടിഎം മെഷീനെ കേന്ദ്രബിന്ദുവാക്കി മഴവിൽ മനോരമ ഒരുക്കുന്ന ഗെയിം ഷൊയാണ് ‘ഉടൻ പണം’.കോളേജ്, മോൾ, ബീച്ച്, ബസ്റ്റാന്റ്, തുടങ്ങി ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് ഉടൻ പണം എടിഎം എത്തുക. ആൾക്കൂട്ടത്തിൽ നിന്നും മത്സരിക്കാനായി മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് ആയിരം മുതൽ അഞ്ച് ലക്ഷം രൂപവരെ ലഭ്യമാകുന്ന ചോദ്യങ്ങളാണ്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ചേർന്നാണ് കാശു നിറച്ച ഈ എ ടി എമ്മുമായി പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്.