തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 98,202 പേർ വിദേശത്തുനിന്നെത്തിയതായി മുഖ്യമന്ത്രി. ഇതിൽ 96583 പേർ വിമാനത്തിലാണ് വന്നത്. 1621 പേർ കപ്പലിലും എത്തി. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. ഇവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശുർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവരാണ്.
യു.എ.ഇയിൽനിന്ന് വന്നവരിൽ 1.6 ശതമാനത്തിനാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മറ്റുരാജ്യങ്ങളിൽ നിന്ന് വന്നവരിൽ താജികിസ്താൻ – 18.18, റഷ്യ 9.72, നൈജിരിയ 6.51, കുവൈത്ത് 5.99, ഖത്തർ 1.56, ഒമാൻ 0.78 എന്നിങ്ങനെയാണ് രോഗബാധിതരുടെ ശതമാനം
. ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേഡ് വിമാനവും 43 വന്ദേഭാരത് വിമാനവും കേരളത്തിലെത്തും. ഇന്നലെ മാത്രം 72 വിമാനങ്ങൾ വന്നു. നാളെ മുതൽ ദിവസം 40, 50 വിമാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും വിപുല സൗകര്യം ഒരുക്കി.
കോവിഡ് ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ രോഗികളുടെ എണ്ണമനുസരിച്ച് പ്ലാൻ എ, ബി, സി ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 29 ഒന്നാം നിര ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 8537 കിടക്ക, 872 ഐ.സിയു കിടക്ക 482 വെൻറിലേറ്റർ എന്നിവയാണുള്ളത്. രോഗികൾ കൂടിയാൽ കൂടുതൽ കിടക്ക ഉപയോഗിക്കും. രണ്ടാം നിര ആശുപത്രികളും ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു