ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ– ചൈന അതിർത്തിസംഘർഷം നിലനിൽക്കുന്ന 7 സ്ഥലങ്ങളിൽ ആറിടത്ത് ഇരു സേനകളുടെയും പിന്മാറ്റത്തിനു പ്രാഥമിക രൂപരേഖയായി. അതേസമയം, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽനിന്നു പിന്മാറ്റത്തിനു ചൈന തയാറായിട്ടില്ല. രൂപരേഖ തയാറാക്കിയെങ്കിലും അതിർത്തിയിലുടനീളം ഇരു സേനകളും നേർക്കുനേർ തുടരുകയാണ്. പാംഗോങ്ങിൽ എട്ടു മലനിരകളിൽ നാലാം മലനിര വരെ 8 കിലോമീറ്ററാണു ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. കമാൻഡർ തലത്തിൽ 13 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിലും ചൈന കടുംപിടിത്തം തുടരുകയാണ്. ഇന്ത്യ രണ്ടാം മലനിരയിലേക്കു പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു.
പ്രശ്നപരിഹാരം സങ്കീർണമാണെന്നും കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. സേനാ പിൻമാറ്റത്തിനു മാസങ്ങളെടുത്തേക്കാമെന്നാണു സൂചന. ഇന്ത്യയുടെ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചർച്ച രാത്രി പതിനൊന്നരയോടെയാണ് അവസാനിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ ലഡാക്ക് സന്ദർശിക്കും. ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള സൈനികരെയും കാണും.
വെയ്ബോ വിട്ട് മോദി
ന്യൂഡൽഹി ∙ ചൈനീസ് സമൂഹമാധ്യമം വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കു കേന്ദ്ര ഐടി മന്ത്രാലയം വിലക്കേർപ്പെടുത്തിയതിനു
വെയ്ബോ അക്കൗണ്ടിലെ മോദിയുടെ പ്രൊഫൈൽ ചിത്രം, 115 പോസ്റ്റുകൾ, അതിന്റെ കമന്റുകൾ എന്നിവയെല്ലാം നീക്കം ചെയ്തു. വെയ്ബോയിലെ അക്കൗണ്ട് ഒറ്റയടിക്കു നീക്കം ചെയ്യുക പ്രയാസമേറിയ നടപടിയാണ്. അതുകൊണ്ടാണ് പോസ്റ്റുകൾ ഓരോന്നോയി നീക്കിയത്. അക്കൗണ്ടിലെ 113 പോസ്റ്റുകൾ ആദ്യം നീക്കം ചെയ്തെങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനൊപ്പമുള്ള 2 ചിത്രങ്ങൾ ആദ്യം മാറ്റാൻ സാധിച്ചിരുന്നില്ല. പീന്നിട് ഇവയും ഒഴിവാക്കി. 2015 മേയിൽ ചൈന സന്ദർശനത്തിനു മുൻപാണു മോദി വെയ്ബോയിൽ അക്കൗണ്ട് ആരംഭിച്ചത്. ട്വിറ്ററിനു പകരമായുള്ള ചൈനയിലെ പ്രമുഖ മൈക്രോ ബ്ലോഗ് സൈറ്റായ വെയ്ബോയിൽ അംഗമാകുന്ന ആദ്യത്തെ പ്രമുഖ ഇന്ത്യൻ നേതാവായിരുന്നു അന്നു മോദി. 2.44 ലക്ഷം ഫോളോവേഴ്സാണു മോദിക്കു വെയ്ബോയിലുള്ളത്.
നിയന്ത്രണ രേഖയിലേക്ക് 20,000 പാക്ക് സൈനികരും
ന്യൂഡൽഹി ∙ നിയന്ത്രണ രേഖയോടു ചേർന്ന് ഗിൽജിത് ബാൾട്ടിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിന്റെ മറ്റു ഭാഗങ്ങളിലും 20,000 സൈനികരെ വിന്യസിച്ച് പാക്കിസ്ഥാന്റെ സമ്മർദതന്ത്രം. ഇന്ത്യയുടെ ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ നടത്തിയ സേനാ വിന്യാസത്തിലും വലുതാണിത്. ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നീക്കം നിരീക്ഷിക്കാനുള്ള റഡാർ സംവിധാനങ്ങളും അതിർത്തിയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണ് ഗിൽജിത് ബാൾട്ടിസ്ഥാൻ. കിഴക്കൻ ലഡാക്കിൽ ചൈനയുമായി മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സേനയ്ക്കു മേൽ സമ്മർദം കൂട്ടാനുള്ള നീക്കമായാണ് പടയൊരുക്കം വിലയിരുത്തപ്പെടുന്നത്. ഒരേസമയം പാക്ക്, ചൈന ഭീഷണികളും കശ്മീർ താഴ്‍വരയിലെ ഭീകരവാദവും ഉൾപ്പെടെ ‘രണ്ടര മടങ്ങ് യുദ്ധ’ത്തിന് ഇന്ത്യ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
പാക്കിസ്ഥാനിലെ അൽ ബദ്ർ ഭീകരരുമായി ചൈന സമ്പർക്കത്തിലാണെന്നും ഇന്റിലിജൻസ് വിവരമുണ്ട്. അതിനിടെ, കുപ്‌വാരയിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച 8 പാക്ക് ഭീകരരെ സേന തുരത്തി. ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു.